To read this blog in malayalam,install AnjaliOldLipi font or any other Malayalam Unicode font.

Sunday 22 September 2013

ശൃംഗാരവേലൻ






ദയ് കൃഷ്ണ-സിബി.കെ.തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ജോസ് തോമസ് സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ ദിലീപ് ചിത്രമാണു ‘ശൃംഗാര വേലൻ’. ഒരു മുഴുനീള ഹാസ്യ-കുടുംബ-പ്രണയ ചിത്രം എന്ന ലേബലിൽ ഇറങ്ങിയ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും മതിവരുവോളം ബോറടിപ്പിക്കുന്നുവെന്ന് പറയാതെ വയ്യ.പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഈ സിനിമയിൽ കേട്ടു തഴമ്പിച്ച പഴയ തമാശകൾ കുറെയുണ്ട് താനും.
കണ്ട് മടുത്ത മലയാള സിനിമ ചേരുവകളായ മടിയനായ മകനും അധ്വാനിയായ അച്ഛനും, കോടീശ്വരിയായ നായികയെ സ്നേഹിക്കുന്ന പാവപ്പെട്ടവനായ നായകൻ,തമാശ പറയുവാനായി നായകനു ഒരു കൂട്ടുകാരൻ, പട്ടിയോടിക്കൽ, ചാണകത്തിൽ വീഴൽ,സ്വാമിയായി വേഷം മാറൽ, കഥാവസാനം കാറോട്ടം,അടി, പിടി,വെടി ഇതൊക്കെക്കൊണ്ട് സിനിമ രണ്ടര മണിക്കൂർ പ്രേക്ഷകനെ കൊല്ലാതെ കൊല്ലുന്നു. സിനിമയുടെ മറ്റൊരു ‘മേന്മ’ നവയുഗ സിനിമകളെ വെല്ലുന്ന ദ്വയാർത്ഥ പ്രയോഗങ്ങളാണു.ഇങ്ങനെയുള്ള പദ പ്രയോഗങ്ങൾ സിനിമാ വിജയത്തിനു അത്യന്താപേക്ഷിതമാണെന്ന് ‘മായാമോഹിനി’യുടെ വിജയത്തോടെ തിരക്കഥാകൃത്തുക്കൾ കരുതിയിരിക്കണം.
ഒരു സാദാ നെയ്തുകാരനായ അയ്യപ്പന്റെ(ബാബു നമ്പൂതിരി) മകനായ കണ്ണന്റെ (ദിലീപ്) പണക്കാരനാകുവാനുള്ള മോഹത്തിലും തത്രപാടിലും ഒന്നാം പകുതി പുരോഗമിക്കുന്നു.ഗുണ്ടയായ യേശുദാസ്(ലാൽ) പണക്കാരനാകുവാനുള്ള കണ്ണന്റെ ആഗ്രഹസാക്ഷാത്കാരത്തിനു വഴി കാട്ടിയാകുന്നു.ഒരു സാരിയുടുപ്പിച്ച് കഴിയുമ്പോഴേക്കും കോടീശ്വരിയായ നായികയ്ക്ക് നായകനോട് പ്രണയം തോന്നുമ്പോൾ തളർന്ന് പോകുന്നത് പ്രേക്ഷകരാണു.കഥയിൽ ചോദ്യമില്ല എന്ന പഴമൊഴിയെ കൂട്ടുപിടിക്കാമെങ്കിലും പിന്നീടങ്ങോട്ടും യുക്തിക്കു നിരക്കാത്ത കഥാ സന്ദർഭങ്ങൾ പലതും പ്രേക്ഷകനെ ആകാശം നോക്കിയിരുത്തുന്നു.പാവമായിരുന്ന കഥാനായകൻ അവസാന നിമിഷം മുംബൈ നഗരത്തെ വിറപ്പിക്കുന്ന അധോലോക നായകന്മാരെയൊക്കെ ചവിട്ടി കൂട്ടുമ്പോൾ, സിനിമ പതിവു ദിലീപ് ചിത്രങ്ങൾ പോലെ ഒരു ‘വൺ മാൻ ഷോ’ ആയി മാറുന്നു.പ്രണയവും, അടിയും ബഹളവുമൊക്കെയായി രണ്ടാം പകുതിയും എരിഞ്ഞു തീരുന്നു. സിനിമയുടെ നിലവാരത്തകർച്ചയിലും കണ്ണന്റെ കൂട്ടുകാരനായ വാസുവിനെ കലാഭവൻ ഷാജോണും, നായികയുടെ അച്ഛനായി വേഷമിട്ട് ജോയ് മാത്യുവും നല്ല പ്രകടനം നടത്തി. തമാശ പറയുവാനായി മാത്രം വന്നെത്തിയ ബാബുരാജും ഷമ്മി തിലകനും മോശമല്ലാത്ത നിലയിൽ തന്നെ പ്രേക്ഷകരെ വെറുപ്പിച്ചു. നേരം എന്ന സിനിമയിലെ കഥാപാത്രമായ ഊക്കൻ ടിന്റുവിനെ അതേ വേഷത്തിലും പേരിലും ഭാവത്തിലും ‘ശൃംഗാരവേലനി’ൽ കൊണ്ട് വന്നപ്പോൾ അത് പ്രേക്ഷകനു സഹിക്കാവുന്നതിലും അപ്പുറമായി മാറി.
സിനിമയിൽ അവിടെയും ഇവിടെയുമായി കാണുന്ന ചുരുക്കം ചില നർമ്മ മുഹൂർത്തങ്ങൾ മാത്രമാണു ആശ്വസിക്കാനുള്ളത്.ദിലീപ് എന്ന നടനിൽ പ്രതീക്ഷയർപ്പിച്ചു കൊണ്ട് സ്ത്രീകളുടെയും കുട്ടികളുടെയും തള്ളിക്കയറ്റം ഇപ്പോഴും തീയേറ്ററുകളിൽ ഉണ്ടെന്നുള്ളതും വാസ്തവം.


സംവിധാനം : ജോസ് തോമസ് 

സംവിധായകന്റെ ചില മുൻ കാല ചിത്രങ്ങൾ :
മായാമോഹിനി,ചിരട്ടക്കളിപ്പാട്ടങ്ങൾ,യൂത്ത് ഫെസ്റ്റിവൽ,സ്നേഹിതൻ,സുന്ദര പുരുഷൻ,ടോക്കിയോ നഗറിലെ വിശേഷങ്ങൾ,ഉദയപുരം സുൽതാൻ,മാട്ടുപ്പെട്ടി മച്ചാൻ