To read this blog in malayalam,install AnjaliOldLipi font or any other Malayalam Unicode font.

Friday 27 September 2013

നോർത്ത് 24 കാതം







നിൽ രാധാകൃഷ്ണൻ മേനോൻ ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണു ‘നോർത്ത് 24 കാതം’.കഥയിലെ അവ്യക്തത മാറ്റി നിർത്തുകയാണെങ്കിൽ,പുതുമുഖ സംവിധായകനു സംഭവിച്ചേക്കാവുന്ന വലിയ പാകപ്പിഴവുകൾ ഈ സിനിമയിലില്ല എന്നുള്ളതിൽ അനിൽ രാധാകൃഷ്ണൻ മേനോനു തീർച്ചയായും അഭിമാനിക്കാം.
തികച്ചും അപരിചിതരായ മൂന്ന് പേർ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുമിച്ച് യാത്ര ചെയ്യേണ്ടി വരുന്നതാണു കഥാ തന്തു.
അമിത വൃത്തിയിൽ ജീവിക്കുന്ന ഹരികൃഷ്ണനാണു (ഫഹദ് ഫാസിൽ) സിനിമയിലെ കേന്ദ്ര കഥാപാത്രം.OCD (obsessive-compulsive disorder) എന്ന  മാനസികാവസ്ഥയ്ക്ക്  അടിമയാണയാൾ . ഈ സ്വഭാവ വിശേഷം, ഓഫ്ഫിസിലും ഒരു പരിധി വരെ വീട്ടിലും അയാളെ ഒറ്റപ്പെടുത്തുന്നു. മറ്റുള്ളവരുമായി ഇടപഴകുന്നതിൽ പോലും തന്റേതായ ചില നിയമങ്ങൾ അയാൾ കാത്ത് സൂക്ഷിക്കുന്നുണ്ട്.അപ്രതീക്ഷിതമായ ഒരു യാത്ര, അയാളെ സ്വയം ചിന്തിപ്പിക്കുകയും സാധാരണ മനുഷ്യനായി മാറ്റുകയും ചെയ്യുന്നു.ഹരികൃഷ്ണനെ ഫഹദ് ഫാസിൽ വളരെ മനോഹരമായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.
സിനിമയിലെ ഒന്നാം പകുതി, ഹരികൃഷ്ണന്റെ ഈ സ്വഭാവ സവിശേഷത കാണിക്കുവാൻ വേണ്ടി മാത്രം മെനക്കെടുമ്പോൾ സിനിമയുടെ ഒഴുക്കിനെ അതു കാര്യമായി ബാധിക്കുകയും പ്രേക്ഷകരെ കുറച്ചെങ്കിലും ബോറടിപ്പിക്കുകയും ചെയ്യുന്നു.സിനിമയുടെ ഇതിവൃത്തം ഒരു യാത്രയിൽ മാത്രം ഒതുങ്ങി നില്ക്കുന്നു എന്നൊരു പോരായ്മ സിനിമയിലുട നീളം മുഴച്ചു നില്ക്കുന്നുണ്ട്.
എന്നാൽ കഥാപാത്രങ്ങളുടെ ഈ യാത്രയിൽ അറിയാതെ തന്നെ പ്രേക്ഷകരും കൂടുമ്പോൾ അതു സിനിമയുടെ വിജയമായി മാറുന്നു. സിനിമയുടെ എടുത്ത് പറയേണ്ട പ്രത്യേകതയും ഇതു തന്നെ, കഥയേക്കാളുപരി കഥാപാത്രങ്ങളാണു സിനിമയെ രസിപ്പിക്കുന്നതും പ്രേക്ഷകരെ സംതൃപ്തരാക്കുന്നതും. ഗൗരവക്കാരനായ ഹരികൃഷ്ണൻ ഒടുവിൽ ഒരു ഘട്ടത്തിൽ ചിരിക്കുമ്പോൾ,കഥാപാത്രത്തിനോട് ചേർന്ന് നിന്നു കൊണ്ട് പ്രേക്ഷകരും ഉള്ളു തുറന്ന് ചിരിച്ചു പോകുമ്പോൾ അതു സംവിധാന മികവെന്ന് തന്നെ പറയേണ്ടി വരും.ഹർത്താൽ ദിനത്തിൽ സാധാരണക്കാരൻ അനുഭവിക്കുന്ന പ്രയാസങ്ങളെ വരച്ചു കാണിക്കുവാനും സിനിമ ശ്രമിക്കുന്നുണ്ട്.കൂടെ, പറയാതെ പറയുന്ന ഒരു നിശബ്ദ പ്രണയവും.നല്ലൊരു കഥയുടെ അഭാവത്തിൽ പോലും പ്രേക്ഷകരെ രസിപ്പിക്കാനുള്ള ചേരുവകൾ ഈ സിനിമയിൽ ധാരാളമുണ്ട്.
നാണി എന്ന തന്റേടിയായ പെൺകുട്ടിയായി സ്വാതിയും സഖാവ് ഗോപാലേട്ടൻ എന്ന എൺപത്തിനാലുകാരനായി നെടുമുടി വേണുവും നല്ല രീതിയിൽ പ്രകടനം നടത്തി. ഹരികൃഷ്ണന്റെ അനിയനായി വേഷമിട്ട് ശ്രീനാഥ് ഭാസിയും പ്രേക്ഷകനെ രസിപ്പിക്കുന്നു.
രസകരമായ മുഹൂർത്തങ്ങളിലൂടെ കഥാപാത്രങ്ങൾ പ്രേക്ഷകരെ കയ്യിലെടുക്കുമ്പോൾ വിനോദ മൂല്യമുള്ള ഒരു സിനിമയാകുന്നു നോർത്ത് 24 കാതം.