To read this blog in malayalam,install AnjaliOldLipi font or any other Malayalam Unicode font.

Sunday 15 September 2013

ഏഴാമത്തെ വരവ്






എം.ടി. - ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ സിനിമയാണു ‘ഏഴാമത്തെ വരവ്’. ഒരുപാട് കോലാഹലങ്ങളൊ പരസ്യങ്ങളോ ഇല്ലതെയാണു സിനിമ തീയേറ്ററുകളിൽ എത്തിയത്. കഥയിലെവിടെയെങ്കിലും ഒരു പുതുമ അവകാശപ്പെടാനില്ലെങ്കിലും എം.ടി.യുടെ വ്യത്യസ്തമായ രചനാ വൈഭവവും ഹരിഹരന്റെ മഹത്തരമായ സംവിധാനവും എസ്.കുമാറിന്റെ അതിമനോഹരമായ ഛായാഗ്രഹണവും ഈ സിനിമയെ മനോഹരമാക്കിയിരിക്കുന്നു എന്ന് പറയാതെ വയ്യ. കാടിനു മികവുറ്റ പശ്ചാത്തല സംഗീതവും ചേരുന്നു.
അടിച്ചു പൊളിച്ച് കാണാമെന്ന ധാരണയോടെ ഈ പടത്തെ സമീപിക്കരുത്.ഒന്നാം പകുതി തികച്ചും ലളിതമായി ആവിഷ്കരിച്ചപ്പോൾ ചിലപ്പോഴെങ്കിലും ബോറടിക്കുമെന്നത് സത്യം.ഭൂഗർഭ ഗവേഷകനായ പ്രസാദ്(വിനീത്) ജോലിയുമായി ബന്ധപ്പെട്ട് കാട്ടിലെത്തുന്നതും അവിടെ വച്ച് ആകസ്മികമായി പഴയ കാമുകി ഭാനുവിനേയും(ഭാവന) ഭർത്താവിനെയും(ഇന്ദ്രജിത്ത്) കാണുന്നതുമാണു ആദ്യ പകുതിയിലെ കഥാ സന്ദർഭം. സിനിമ ഒരു പക്കാ പൈങ്കിളിയായി മാറുമോ എന്ന ഭയം രണ്ടാം പകുതിയിൽ ഇല്ലാതാവുന്നു. പ്രതീക്ഷിക്കാവുന്ന ക്ളൈമാക്സാണെങ്കിൽ പോലും അതു പ്രേക്ഷകനു മുൻപിൽ കാഴ്ച വച്ച രീതിയെ കൈയ്യടിച്ച് അഭിനന്ദിക്കാതെ തരമില്ല. ഹരിഹരൻ എന്ന സംവിധായകന്റെയും എസ്. കുമാർ എന്ന ഛായാഗ്രാഹാകന്റെയും കഴിവുകൾ ഒത്തു ചേരുമ്പോൾ അവസാന ഇരുപത് മിനുറ്റ് ഉദ്വേഗത്തിന്റെ നിമിഷങ്ങൾ സൃഷ്ടിച്ചെടുക്കുന്നു.ആദ്യം മുതല്കേ കാണികൾ പ്രതീക്ഷിച്ചിരിക്കുന്ന ‘രണ്ടാം വില്ലന്റെ’ പ്രകടനവും സാന്നിധ്യവും തന്നെയാണു അവസാന നിമിഷത്തിൽ കാണികൾ ശ്വാസം വിടാൻ പോലും മറന്നിരിക്കുന്ന നിമിഷങ്ങളിലേക്ക് എത്തിച്ചേർക്കുന്നത്.
എം.ടി.യുടെ തന്നെ തിരക്കഥയിൽ ഹരിഹരന്റെ സംവിധാനത്തിൽ,വേണു നാഗവള്ളിയും സുകുമാരനും അഭിനയിച്ച് വർഷങ്ങൾക്ക് മുൻപ് ഏകദേശം പൂർത്തീകരിക്കപ്പെട്ട ഒരു സിനിമയായിരുന്നു ഇത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും സിനിമ പുറത്തിറങ്ങിയില്ല.
എന്തു തന്നെയായാലും ഒരു തവണ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ തന്നെയാണു ‘ഏഴാമത്തെ വരവ്’. വീണ്ടും പറഞ്ഞു കൊള്ളട്ടെ, ഒരു തട്ടുപൊളിപ്പൻ സിനിമ കാണുന്ന മനോഭാവത്തോടെ ഇതിനെ സമീപിക്കരുത്.നിശബ്ദമായിരുന്ന് ആസ്വദിക്കവുന്ന ഒരു ചിത്രം.ആകെമൊത്തം നോക്കുകയാണെങ്കിൽ ശരാശരിയിലും മുകളിൽ നില്ക്കുന്നു ‘ഏഴാമത്തെ വരവ്’.