To read this blog in malayalam,install AnjaliOldLipi font or any other Malayalam Unicode font.

Thursday 12 September 2013

ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്






ആദ്യ പകുതി നന്നായി രസിപ്പിക്കുകയും രണ്ടാം പകുതി അത്ര തന്നെ ബോറടിപ്പിക്കുകയും ചെയ്യുന്ന സിനിമ എന്ന് ‘ദൈവത്തിന്റെ സ്വന്തം ക്ളീറ്റസി’നെ ഒറ്റവാക്യത്തിൽ വിശേഷിപ്പിക്കാം.
ക്ളീറ്റസ് എന്ന കഥാപാത്രം മമ്മൂട്ടിയുടെ കൈകളിൽ ഭദ്രമായെങ്കിലും കഥയുടെയും,വില്ലന്മാരുടെയും,ക്ളൈമാക്സിന്റെയുമൊക്കെ ബലമില്ലായ്മ ‘ക്ളീറ്റസിനെ ’ ശരാശരി നിലവാരം മാത്രമുള്ള ഒരു സിനിമയാക്കി മാറ്റുന്നു.തലമുടി നീട്ടി വളർത്തിയ, ആവശ്യത്തിനു പോലും സംസാരിക്കാത്ത (എന്നാൽ പ്രവർത്തിച്ചു കാണിക്കുന്ന) ഗുണ്ടയായി മമ്മൂട്ടിയുടെ പുതിയ വേഷപ്പകർച്ച ആരെയും രസിപ്പിക്കുക തന്നെ ചെയ്യും.ഫാദർ സണ്ണി (സിദ്ധിക്) യുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പുതിയ നാടകത്തിലേക്ക് ക്ളീറ്റസിനെ ക്ഷണിക്കുന്നതും തുടർന്ന് ഈ കഥാപാത്രത്തിന്റെ സ്വഭാവ വിശേഷങ്ങൾ നാടക ക്യാമ്പിലും ആ നാട്ടിലും ഉണ്ടാക്കുന്ന രസകരമായ മുഹൂർത്തങ്ങളും ആദ്യ പകുതിയെ മനോഹരമാക്കുന്നു.ക്ളീറ്റസിന്റെ സ്വഭാവവും നാടകത്തിൽ ക്ളീറ്റസിനു ലഭിക്കുന്ന കഥാപാത്രത്തിന്റെ സ്വഭാവവും തമ്മിലുള്ള വൈരുദ്ധ്യം തന്നെയാണു ആദ്യ പകുതിയിൽ പ്രേക്ഷകനെ ചിരിപ്പിക്കുന്നത്.അടുത്ത കാലം വരെ,ഒരേ തമാശകൾ പല രൂപത്തിൽ വിളമ്പേണ്ടി വന്ന സുരാജ് വെഞ്ഞാറമൂടിന്റെ നിലവാരമുള്ള തമാശകളും പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നു. ക്ളീറ്റസിന്റെ വലം കൈയ്യായി വരുന്ന അജു വർഗ്ഗീസിനു കാര്യമായി ഒന്നും ചെയ്യുവാനില്ലായിരുന്നെകിലും ആരെയും ബോറടിപ്പിച്ചില്ല എന്നു തന്നെ പറയാം.
രണ്ടാം പകുതിയിലേക്ക് വരുമ്പോൾ ക്ളീറ്റസിന്റെ ഗാംഭീര്യം കുറയുകയും, കഥ ശരാശരിയിലും താഴുന്ന നിലവാരത്തിലേക്ക് മാറുകയും ചെയ്യുന്നു. കണ്ണിനു കുളിർമ്മയേകുന്ന മനോഹര ഛായാഗ്രഹണമാണു ക്ളൈമാക്സിന്റേതെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സന്ദഭങ്ങളുടെ അഭാവവും, വേണ്ട വിധത്തിൽ പിരിമുറുക്കം സൃഷ്ടിച്ചെടുക്കാൻ സാധിക്കാത്തതുമാണു സിനിമയുടെ രണ്ടാം പകുതിയെ മുഷിപ്പിച്ചു കളഞ്ഞത്.
സ്ത്രീ കഥാപാത്രങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും ഹണി റോസിന്റെയും തെസ്നിഖാനിന്റെയും സാനിധ്യവും അഭിനയവും എടുത്ത് പറയേണ്ടിയിരിക്കുന്നു.വിജയരാഘവന്റെയും,സനം ഷെട്ടിയുടെയും സാന്നിധ്യം ‘ക്ളീറ്റസി’ൽ കഥാപാത്രങ്ങളുടെ എണ്ണം കൂട്ടാൻ സഹായിച്ചു എന്നല്ലാതെ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
വളരെ കാലമായി സഹ സംവിധായകനായി പ്രവർത്തിച്ച ജി. മാർത്തണ്ഡൻ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ സിനിമയാണു ‘ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്’. കഥയുടെ ബലമില്ലായ്മയിൽ പോലും ഒരു നല്ല സംവിധായകനാണെന്ന് ‘ക്ളീറ്റസി’ലൂടെ മാർത്താണ്ഡൻ തെളിയിച്ചിരിക്കുന്നു.

കഥയിൽ അമിത പ്രതീക്ഷ പുലർത്താതെ, ഒരു വിനോദ ചിത്രം എന്ന നിലയിൽ ഒരു തവണ കണ്ടിരിക്കാവുന്ന സിനിമയാണു ‘ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്’. അത് മമ്മൂട്ടി എന്ന നടന്റെ പുതിയ രൂപത്തിന്റെയും അഭിനയത്തികവിന്റെയും മികവു കൊണ്ടെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

സംവിധാനം- ജി.മാർത്താണ്ഡൻ                                        


കഥ,തിരകഥ,സംഭാഷണം- ബെന്നി.പി.നായരമ്പലം.

നിർമ്മാണം- ഫൈസൽ ലത്തീഫ്

സംഗീതം- ബിജിബാൽ,ശ്യാം ശശിധരൻ

വരികൾ- റഫീഖ് അഹമ്മദ്