രണ്ട് മണിക്കൂറിൽ ഒതുങ്ങുന്ന, നിലവാരമുള്ള ഒരു സിനിമയായി ‘സക്കറിയായുടെ ഗർഭിണികളെ’ വിശേഷിപ്പിക്കാം.അനീഷ് അൻ വർ ആണു ‘സക്കറിയായുടെ ഗർഭിണികളെ 'അണിയിച്ചൊരുക്കിയിരിക്കുന്നത്.
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ആയ സക്കറിയയുടെ അടുക്കലെത്തുന്ന നാലു ഗർഭിണികളിലൂടെയും, പിന്നെ അയാളുടെ തന്നെ ഭാര്യയിലൂടെയും ആണു കഥ പുരോഗമിക്കുന്നത്.
ജാര സന്തതിയെ ഉദരത്തിൽ പേറുന്ന അനുരാധ (സാന്ദ്ര തോമസ്),തിരു വസ്ത്രം അഴിച്ചു വയ്കുകയും പിന്നീട് ഗർഭം ധരിക്കുകയും ചെയ്യുന്ന അൻപത്തി രണ്ട് കാരിയായ ജെന്നിഫർ (ഗീത),പതിനേഴാം വയസ്സിൽ, വിവാഹം കഴിക്കാതെ ഗർഭം ധരിക്കേണ്ടി വരുന്ന സൈറ (സനുഷ)എന്ന വിദ്യാർത്ഥിനി,ജീവിതം മുന്നോട്ട് തള്ളി നീക്കുവാൻ ഗർഭിണിയായി നടിക്കേണ്ടി വരുന്ന ഫാത്തിമ(റീമാ കല്ലിങ്കൽ) പിന്നെ, കുട്ടികളില്ലാത്ത സക്കറിയയുടെ ഭാര്യ സൂസൻ മേരി(ആഷ ശരത്ത്) എന്നീ അഞ്ച് സ്ത്രീകളുടെ മാനസീക-ജീവിത അവസ്ഥയിലൂടെ ’സക്കറിയായുടെ ഗർഭിണികൾ‘ സഞ്ചരിക്കുന്നു.
സ്വാർത്ഥതയും പണക്കൊതിയും ജാരഗർഭവുമൊക്കെയുണ്ടായിട്ടും അവസാന നിമിഷം എല്ലാ കുറ്റവും രഹസ്യ കാമുകനിൽ നിക്ഷേപിച്ച് മാന്യയായി മാറുന്ന അനുരാധയുടെ കഥ മാത്രം പ്രേക്ഷകനു ദഹിക്കാതെ കിടക്കും. കെട്ട് കഥ പോലെ തോന്നുമെങ്കിലും ഇത് യഥാർത്ഥ ജീവിത കഥയാണെന്ന് സംവിധായകൻ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും , മറ്റു കഥാപാത്രങ്ങളോടെന്ന പോലെ അനുരാധയോട് പ്രേക്ഷകനു ദേഷ്യമോ, സഹതാപമോ സന്തോഷമോ ഒന്നും തോന്നുന്നില്ല.വെറുമൊരു നിർവികാര കഥ മാത്രമായി മാറുന്നു അനുരാധയുടേത്.
എന്നാൽ കഥ സിസ്റ്റർ ജെന്നിഫറിലേക്ക് വരുമ്പോൾ അവരുടെ സന്തോഷത്തിലും ദുഖത്തിലുമൊക്കെ പങ്കു ചേരാൻ പ്രേക്ഷകനു സാധിക്കുന്നു.കുറച്ച് വർഷങ്ങൾക്ക് മുൻപ് നടന്ന, എല്ലാവരുടെയും മനസിൽ ഒരു നോവായി മാറിയ യഥാർത്ഥ സംഭവത്തിന്റെ അത്ര വിദൂരമല്ലാത്ത ഒരു സാമ്യം ഈ കഥയിലുണ്ട്.സിസ്റ്റർ ജെന്നിഫറിനെ ഗീത നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
പതിനേഴു കാരിയായ, വിവാഹിതയല്ലാത്ത സൈറ എന്ന കഥാപാത്രത്തോട് സനുഷയും നീതി പുലർത്തിയിരിക്കുന്നു. ഗർഭത്തിനു ഉത്തരവാദി ആരെന്ന് വെളിപ്പെടുത്താൻ അവൾ തയ്യാറാകുന്നില്ലെങ്കിലും സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രേക്ഷകനു എളുപ്പത്തിൽ ഉത്തരം കണ്ട് പിടിക്കാനാവുന്നു.
ജീവിത സാഹചര്യത്താൽ ’ഗർഭം ധരിക്കേണ്ടി‘ വരുന്ന ഫാതിമ എന്ന കഥാപാത്രം സിനിമയിൽ ചിരിയുടെ വിത്തുകൾ വേണ്ടുവോളം പാകുന്നു. സക്കറിയായി ലാലും ഭാര്യയായി ആഷ ശരത്തും നല്ല അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വയ്ക്കുന്നു.അഞ്ചു സ്ത്രീകളുടെ കഥകൾ പറയുമ്പോഴും അത് അഞ്ചു കഥയാക്കി മാറ്റാതെ സക്കറിയയുമായി ബന്ധപ്പെട്ട് നില്ക്കുന്ന ഒറ്റ കഥയാക്കി മാറ്റുവാൻ സംവിധായകനു സാധിച്ചു.
ഒന്നാം പകുതി കഥാപാത്ര പരിചയപ്പെടുത്തലിലൂടെയും രണ്ടാം പകുതി വികാര നിർഭരമായ മുഹൂർത്തങ്ങളിലൂടെയും പോകുമ്പോൾ സക്കറിയായുടെ ഗർഭിണികൾ പ്രേക്ഷകരെ ആവോളം തൃപ്തിപ്പെടുത്തുന്നു.മനോഹര ഗാനങ്ങൾ സിനിമയിൽ വേണ്ട വിധത്തിലും സമയത്തിലും ഉപയോഗിച്ചതും വലിച്ചു നീട്ടാതെ കഥ രണ്ട് മണിക്കൂറിനുള്ളിൽ തീർത്തതും സിനിമയുടേ മാറ്റ് ഒന്നു കൂടെ കൂടുന്നു. ഒരു ’കുടുംബ ചിത്രം‘ എന്ന് പൂർണ്ണമായും അവകാശപ്പെടാനാകില്ലെങ്കിലും കുടുംബമായി കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രമാണു ’സക്കറിയായുടെ ഗർഭിണികൾ‘.